ശമ്പളത്തിന് ആനുപാതിക പെന്‍ഷന്‍; പി.എഫ് കേസില്‍ ജീവനക്കാര്‍ക്കൊപ്പം സുപ്രീംകോടതി

ചരിത്ര വിധി

പെന്‍ഷന് 15,000 രൂപ ശമ്പളപരിധി നിശ്ചയിച്ചു കൊണ്ട് ഇ.പി.എഫ്.ഒ 2014 ഓഗസ്റ്റ് 22-നി പുറത്തിറക്കിയ വിജ്ഞാപനം 2018 ഒക്ടോബര്‍ 12-ന് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായ പി.എഫ് പെന്‍ഷന്‍ ലഭിക്കാന്‍ ജീവനക്കാരന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. പെന്‍ഷന്‍ വിഹിതം കണക്കാക്കുന്നതിനുള്ള ശമ്പള പരിധി 15,000 രൂപ നിശ്ചയിച്ചുള്ള വിജ്ഞാപനം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ശരിവച്ചുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇ.പി.എഫ്.ഒ.) നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

പെന്‍ഷന് 15,000 രൂപ ശമ്പളപരിധി നിശ്ചയിച്ചു കൊണ്ട് ഇ.പി.എഫ്.ഒ 2014 ഓഗസ്റ്റ് 22-നി പുറത്തിറക്കിയ വിജ്ഞാപനം 2018 ഒക്ടോബര്‍ 12-ന് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ അപ്പീല്‍ നല്‍കുമെന്ന വാദമുയര്‍ത്ത് ഇ.പി.എഫ്.ഒ. ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കുകയും ചെയ്തു. എന്നാൽ സുപ്രീംകോടതി വിധി പുറത്തു വന്ന സാഹചര്യത്തിൽ ശമ്പളത്തിന് ആനൂപാധികമായ തുക നല്‍കി ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങാന്‍ ജീവനക്കാര്‍ക്ക് സാധിക്കും. എല്ലാ വിഭാഗങ്ങളിലും പെട്ട പിഎഫ് അംഗങ്ങളെ ഒരു പോലെ കാണണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. 2014-ന് ശേഷം പി.എഫില്‍ ചേര്‍ന്ന് 15,000 രൂപയ്ക്ക് മേല്‍ ശമ്പളം വാങ്ങുന്നവര്‍ക്കും ഇനി പെന്‍ഷന്‍ ലഭിക്കും. സ്വന്തമായി പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതുംഅല്ലാത്തതുമായി സ്ഥാപനങ്ങളെ വേര്‍തിരിച്ചുകാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് പി.എഫ്. വരിക്കാരായവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടയ്ക്കുന്നതിനായി ഓപ്ഷന്‍ നല്‍കാം. 2014 സെപ്റ്റംബര്‍ ഒന്നിനുശേഷം പിരിഞ്ഞവര്‍ക്ക്, അവസാന 12 മാസത്തെ ശമ്പള ശരാശരിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കും. 60 മാസത്തെ ശരാശരിയെന്നത് റദ്ദാക്കിയതിനാലാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പി.എഫില്‍നിന്ന് പണം പിന്‍വലിച്ച വിരമിച്ച ജീവനക്കാര്‍ക്കും വാങ്ങിയിരുന്ന ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ വിഹിതം പലിശസഹിതം തിരിച്ചടച്ച് ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങാം. ഉയര്‍ന്ന വിഹിതത്തിന് ഓപ്ഷന്‍ നല്‍കാത്തവര്‍ക്ക് പഴയ പരിധിയായ 6,500 രൂപ പെന്‍ഷനേ ലഭിക്കൂ.